Address | US |
വാഗമണ്‍ കാഴ്ചകള്‍ മലബാറുകാര്‍ക്ക് എന്നും കൗതുകമാണ്. പെട്ടന്ന് എത്തിപ്പെടാൻ പറ്റാത്ത ഒരിടം എന്നതു മാത്രമല്ല, ബസുകള്‍ മാറിക്കയറിയുള്ള നീണ്ട യാത്രയും പലരെയും വാഗമണ്ണിലേക്കുള്ള ട്രിപ്പില്‍ നിന്നും പിന്തിരിപ്പിക്കുന്നു.
എന്നാല്‍ നേരേ ഒരു പാക്കേജ്, അതും കൂടെ മൂന്നാറും കണ്ട് വരാനാണെങ്കിലോ.. വൻ ഹിറ്റാകുമെന്ന് ഉറപ്പല്ലേ.. അതെ! അങ്ങനെ വാഗമണ്‍ ട്രിപ്പിള്‍ ഹാഫ് സെഞ്ച്വറി അടിച്ചിരിക്കുകയാണ് കണ്ണൂര്‍ കെഎസ്‌ആര്‍ടിസിയുടെ ബജറ്റ് ടൂറിസം
കെഎസ്‌ആര്‍ടിസി ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തില്‍ നടത്തുന്ന വാഗമണ്‍ പാക്കേജ് 50 ട്രിപ്പ് പൂര്‍ത്തിയാക്കി. നവംബര്‍ 24ന് കണ്ണൂരില്‍ നിന്നും പുറപ്പെട്ട അമ്ബതാമത്തെ വാഗമണ്‍ ട്രിപ്പ് 26ന് പൂര്‍ത്തിയാക്കി. രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന യാത്രയില്‍ ആദ്യ ദിവസം വാഗമണ്ണിലെ കാഴ്ചകളും രാത്രി ക്യാംപിങും രണ്ടാമത്തെ ദിവസം മൂന്നാറും സന്ദര്‍ശിക്കുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.
ഒന്നാമത്തെ ദിവസം വാഗമണിലെ ഗ്ലാസ് ബ്രിഡ്ജ് ഉള്‍പ്പെടുന്ന അഡ്വഞ്ചര്‍ പാര്‍ക്ക്, പൈൻവാലി ഫോറസ്റ്റ്, വാഗമണ്‍ മെഡോസ് എന്നിവ സന്ദര്‍ശിച്ച് ക്യാമ്ബ് ഫയറോടെയുള്ള സ്റ്റേ. രണ്ടാമത്തെ ദിവസം മൂന്നാറിലെ ചതുരംഗപ്പാറ വ്യൂ പോയിന്റ്, ഗ്യാപ് റോഡ് വ്യൂ പോയിന്റ്, ആനയിറങ്ങല്‍ ഡാം, ഓറഞ്ച് ഗാര്‍ഡൻ, മാലൈ കള്ളൻ ഗുഹ, പെരിയകനാല്‍ വെള്ളച്ചാട്ടം, സിഗ്‌നല്‍ പോയിന്റ്, ഷൂട്ടിങ് പോയിന്റ് എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് മൂന്നാം ദിവസം രാവിലെ ആറ് മണിക്ക് കണ്ണൂരില്‍ തിരിച്ചെത്തുന്ന വിധത്തിലാണ് യാത്ര.
കണ്ണൂരില്‍ നിന്നുള്ള അടുത്ത വാഗമണ്‍- മൂന്നാര്‍ ട്രിപ്പ് ഡിസംബര്‍ 8, 15 തീയതികളല്‍ നടക്കും. ഇത് കൂടാതെ പൈതല്‍ മല, വയനാട്
ജംഗിള്‍ സഫാരി, കാസര്‍കോഡ് റാണിപുരം എന്നിവിടങ്ങളും സന്ദര്‍ശിക്കും.
പൈതല്‍മല പാക്കേജ്
രാവിലെ 6.30ന് പുറപ്പെടുന്ന ട്രിപ്പ് പൈതല്‍മല, ഏഴരക്കുണ്ട് വെള്ളച്ചാട്ടം, പാലക്കയംതട്ട് എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് രാത്രി ഒമ്ബത് മണിയോടുകൂടി കണ്ണൂരില്‍ തിരിച്ചെത്തുന്നു. ഭക്ഷണവും എൻട്രിഫീയും ഉള്‍പ്പെടെയാണ് പാക്കേജ്. ഡിസംബര്‍ 3, 24 തീയതികളിലാണ് യാത്ര.
റാണിപുരം പാക്കേജ്
കേരളത്തിന്റെ ഊട്ടി എന്നറിയപ്പെടുന്ന റാണിപുരം ഹില്‍ സ്റ്റേഷനിലേക്കുള്ള ടൂര്‍ പാക്കേജ് സാധാരണക്കാര്‍ക്ക് വലിയൊരു അനുഗ്രഹമാണ്. ചുരുങ്ങിയ ചെലവില്‍ റാണിപുരം, ബേക്കല്‍ ഫോര്‍ട്ട്, ബേക്കല്‍ ബീച്ച് തുടങ്ങിയ സ്ഥലങ്ങള്‍ കാണാം എന്നുള്ളതാണ് ബജറ്റ് ടൂര്‍ ഇത്രയും ജനകീയമാക്കിയത്.
വയനാട് ജംഗിള്‍ സഫാരി
കെഎസ്‌ആര്‍ടിസസിയുടെ എക്സ്ക്ലൂസിവ് ടൂര്‍ പ്രോഗ്രാമുകളില്‍ ഒന്നാണ് വയനാട് മുത്തങ്ങ വന്യജീവി സങ്കേതത്തിലൂടെയുള്ള ജംഗിള്‍ സവാരി. ഡിസംബര്‍ 31ന് രാവിലെ 5.45ന് പുറപ്പെടുന്ന യാത്ര സൂചിപ്പാറ വെള്ളച്ചാട്ടം, 900 കണ്ടി എക്കോപാര്‍ക്ക് (ഗ്ലാസ് ബ്രിഡ്ജ്) എന്നിവ സന്ദര്‍ശിച്ച് രാത്രി ജംഗിള്‍ സഫാരി കഴിഞ്ഞ് പുലര്‍ച്ചെ 2.30ന് കണ്ണൂരില്‍ തിരിച്ചെത്തുന്നു. ഭക്ഷണവും എൻട്രി ഫീയും ഉള്‍പ്പെടെയാണ് പാക്കേജ്.